Wednesday, June 27, 2007

നേര്‍ച്ച!


എറിയാട്, അതാണ് എന്റെ പഞ്ചായത്ത്!! എറിയാട് പഞ്ചായത്തിനെ നെടുകെ പിളര്‍ന്ന് കൊണ്ടു ഒരു പെരുമ്പാമ്പിനെപോലെ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന പെരുംതോട്! ഈ തോടിന്റെ വിശാല തീരങ്ങളിലാണ് എറിയാട് നാഗരികത ഉടലെടുത്തതും വളര്‍ന്നു പന്തലിച്ചതും! അങ്ങു കിഴക്ക് കാഞ്ഞിരപ്പുഴയില്‍ നിന്നാണത്രെ പെരുംതോട് ഉല്‍ഭവിക്കുന്നത്. മഴക്കാലത്ത് തോട്ടില്‍ നിലകിട്ടാപൊക്കത്തില്‍ വെള്ളം കയറും. ആ മലവെള്ളപ്പാച്ചിലില്‍ കിഴക്കന്‍ മലകളില്‍ നിന്നും പെരും തടികള്‍ മുതല്‍ പെരുച്ചാഴിയും, പെരുമ്പാമ്പ് വരെ ഒലിച്ചു വരാറുണ്ട്. തോടിനു ഇരുപുറവുമായി പരന്നു കിടക്കുന്നത് വിശാലമായ നെല്പാടങ്ങളാണ്. ഇടവപ്പാതിക്കുള്ള പുതുമഴ കഴിഞ്ഞാല്‍ ഈ പാടങ്ങളിലും, അടുത്തുള്ള കുളങ്ങളിലും ഒക്കെ വെള്ളം കയറി പൊട്ടി പെരുംതോട്ടിലേക്ക് ഒഴുകാന്‍ തുടങ്ങും. കുളത്തിലെ ആഫ്രിക്കന്‍ പായലും നിറയെ വൈലറ്റു പൂക്കളുള്ള കുളവാഴയും മറ്റും തോട്ടിലൂടെ ഒഴുകിപ്പോകുന്നതു കാണാന്‍ നല്ല ഹരമാണ്. എറിയാടു പഞ്ചായത്തില്‍ വെള്ളം എത്തുന്നത് പെരുംതോടു വഴിയാണെങ്കില്‍ വൈദ്യുതി എത്തുന്നത് അടുത്ത പാടവരമ്പത്തു സ്ദാപിച്ച 11കെ.വി ലൈന്‍ വഴിയാണ്.

എടവപ്പാതിയിലെ കനത്ത മഴ കഴിഞ്ഞാല്‍ വാസുവിനു നല്ല കോളാണ്. ഈറ്റു മീനെ പിടിച്ചു വിറ്റാല്‍ കിട്ടുന്ന കാശിനു പുറമെ, മഴവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന തേങ്ങ, തടിക്കഷ്ണങ്ങള്‍ തുടങ്ങി എന്തും വാസു കാശാക്കി മാറ്റും. നാട്ടിലെ അടക്കാ പറിക്കാരനാണ് വാസു. അടക്കാപറി കൊല്ലത്തില്‍ മൂന്നൊ നാലോ മാസം മാത്രം ഉള്ള പണിയായതിനാല്‍ സൈഡ് ബിസിനസ് ആയി മീന്‍ പിടുത്തം, ആമ പിടുത്തം മുതലായവ ചെയ്തുവരുന്നു. സീസണലായിട്ടുള്ള ഈ ബിസിനസിനെക്കാള്‍ വാസുവിനു മെച്ചം സ്തിരമായിട്ടുള്ള തൂറാന്‍ പോക്കാണ്. വാസുവിന്റെ ഈ സൈഡ് ബിസിനസ് ആയിരുന്നു ചെറുപ്പത്തിലെ എന്റെ ഉറക്കം കെടുത്തിയിരുന്നത്! ഇന്ത്യക്കു പാക്കിസ്താന്‍ എന്നതുപോലെ ഇതില്‍ വാസു എന്റെ റൈവല്‍ ആയിരുന്നതിനാലൊന്നുമല്ല, പ്രത്യുത,,

അഞ്ചരവെളുപ്പിനു സായ്‌വിന്റെ പള്ളിയിലെ വെടി കേട്ട് ഉണരുന്ന വാസു തോട്ടുവക്കത്തേക്കു തൂറാന്‍ പോകും. വാസു താമസിക്കുന്ന തീവണ്ടി കോളനിയില്‍ നിന്നും സുമാര്‍ ഒന്ന് ഒന്നര കിലോമീറ്റര്‍ നടന്നു വേണം തോട്ടുവക്കത്തെത്താന്‍.
തീവണ്ടി കോളനി എന്നു പറയുമ്പോള്‍, ഒലവക്കോട്ടെ റെയില്‍വെ കോളനിയായി ആരും തെറ്റിദ്ധരിക്കല്ലെ!

നാട്ടില്‍ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ ഉപോല്പന്നമായി കേരളത്തിലവിടെ ഇവിടെയായി രൂപപ്പെട്ട ഒരു പ്രതിഭാസം ആണ് ഈ തീവണ്ടി കോളനികള്‍. കുടികിടപ്പു ഭൂമികളില്‍ നിന്നും അടിച്ചിറക്കപ്പെട്ട കുടിയാന്‍മാര്‍ താമസിക്കാനിടമില്ലാതെ വന്നപ്പോള്‍, പണ്ടു നാട്ടു രാജാക്കന്മാരുടെ കാലത്തെ നടവഴികള്‍ കയ്യേറി കുടിലുകെട്ടി താമസം തുടങ്ങി. വീതി കുറഞ്ഞ ഇടവഴിയില്‍ തീവണ്ടി ബോഗികള്‍ പോലെ അടുത്തടുത്തുകെട്ടിയ ഈ കൊച്ചുപുരകള്‍ ദൂരെ നിന്നു കണ്ടാല്‍ തീവണ്ടിയാണെന്നു തോന്നും.
തൂറാന്‍ മറ്റു സ്ധലമൊന്നും ഇല്ലാത്തതിനാല്‍ പെരുംതോടിന്റെ വക്കത്തെ പൊന്തയില്‍ വരിവരിയായിരുന്നാണ് തീവണ്ടിക്കോളനിയിലെ ആളുകള്‍ കാര്യം സാധിച്ചിരുന്നത്. എന്നാല്‍ ഇതിനും ചില അലംഘനീയങ്ങളായ അലിഖിത നിയമങ്ങളുണ്ടായിരുന്നു. പുലര്‍ച്ചെയുള്ള നേരം എക്സ്ക്ലൂസ്സിവിലി ആണുങ്ങള്‍ക്കും, സന്ധ്യാനേരം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ളതും ആയിരുന്നു. തോട്ടുവക്കത്തേക്ക് സന്ധ്യാനേരത്തുള്ള ഈ കൂട്ട നടത്തത്തിനും, പിന്നെ പൊന്തയിലെ ഇരുത്തത്തിനും ഇടയിലാണ് കോളനി മഹിളകള്‍ ഗോസ്സിപ്പുകള്‍ പങ്കുവെച്ചിരുന്നത്.
“ എട്യെ, സരളല്യെട്യെ അത്?“
സന്ധ്യാനേരത്തെ അരണ്ട വെളിച്ച്ത്തില്‍, അടുത്ത പൊന്തയിലെ അനക്കത്തിലേക്കു നോക്കി ആകാശവാണി ഐശുത്താത്ത ചോദിച്ചു.

“ഒന്നു മിണ്ടാണ്ടിരി ഉമ്മാ”
ആകാംക്ഷ ഉള്ളില്‍ ഒതുക്കിപ്പിടിച്ച്, കുറച്ചൊരസഹ്യതയോടെ സരള പറഞ്ഞു.
ഇങ്ങിനെയുള്ള കൊച്ചു സംഭാഷണങ്ങളിലൂടെയാണ്, പരദൂഷണത്തിന്റെ മൊത്താവകാശം ഏറ്റെടുത്തിരുന്ന ഐശുതാത്ത തീവണ്ടി കോളനിയിലെ കൊച്ചു കൊച്ചു വക്കാണങ്ങള്‍ക്ക് വിത്തു പാകിയിരുന്നതു.
മഗ് രിബ് ബാങ്കിനു പാകുന്ന വിത്തുകള്‍ ഏകദേശം ഇശയോടെ തെറി, തല്ല്, വക്കാണം ആയി രൂപാന്തരം പ്രാപിചു, പഡ്ഡിക്കാനിരിക്കുന്ന എന്റെ ആകംക്ഷയെ ഉണര്‍ത്തി അസഹ്യത സ്രുഷ്ടിക്കും എന്നതൊഴിച്ചാല്‍ വാസുവിന്റെ തൂറാന്‍പോക്കു പോലെ ഇത് എന്റെ ഉറക്കം കെടുത്തുമായിരിന്നില്ല.




തോട്ടിറമ്പില്‍ കാര്യം സാധിച്ചു കഴിഞ്ഞാല്‍ വാസ്സു നേരെചൊവ്വെ വഴിക്കു വീട്ടിലേക്കു പോകില്ല. പകരം,പറമ്പായ പറമ്പെല്ലാം കയറി ഇറങ്ങി, രാത്രിയില്‍ പൊഴിഞ്ഞു വീഴുന്ന തേങ്ങ, അടക്ക, ഓല മുതലായവ പെറുക്കി വിറ്റ് അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തും. അതുകൊണ്ടു മഴയുള്ള കൊച്ചു വെളുപ്പാന്‍ കാലത്തു തുടകള്‍ക്കിടയില്‍ കയ്യും തിരുകി, സുഖസുന്ദര സ്വപ്നങ്ങളില്‍ മുഴുകി കിടക്കുന്ന എന്നെ ബാപ്പയുടെ വിളി പെട്ടെന്നു തന്നെ ജീവിതത്തിന്റീ കയ്പേറിയ കര്‍ത്തവ്യങ്ങളിലേക്കു മടക്കികൊണ്ടുവരും. വെളുപ്പാന്‍ കാലത്തു ചാറ്റല്‍മഴയത്തു പറമ്പില്‍ പോയി, രാത്രി വീണ തേങ്ങയും അടക്കയും വാസു വരും മുന്‍പെ പെറുക്കുമ്പോളുണ്ടാകുന്ന സങ്കടവും ദേഷ്യവും കൊണ്ടു, സ്വന്തം തന്തയെ പ്രാകാന്‍ കെല്പും,ധൈര്യവും ഇല്ലാത്തതിനാല്‍, സകല ബദരീങ്ങളെയും വിളിച്ചു നേര്‍ച്ച നേരും!



“ന്റെ ബദരീങ്ങളെ, വാസുവിന്റെ തലയില്‍ ഇടിത്തീ വീണൊ, അടക്കാമരത്തീന്നു വീണു വാസൂന്റ് കാലൊടിഞ്ഞാലോ ബദരീങ്ങള്‍ടാണ്ടിനു ഞാന്‍ രണ്ടു റകാത് സുന്നത്ത് നിസ്കരിച്ചു, രണ്ടു കയ്പത്തിരി കുടുതല്‍ തിന്നോളാമെ”



നേര്‍ച്ച കൊണ്ടു പ്രത്യേകിച്ചു വിശേഷം ഒന്നും കണ്ടില്ലെങ്ങിലും, അടുത്ത സുന്നിപ്പള്ളിയിiലെ നബിദിനാഘോഷത്തിനു ഓസിനു കിട്ടിയ നെയ് ചോറും പോത്തിറച്ചിയും രണ്ടു തവണ കഴിച്ച് നേര്‍ച്ചയോടുള്ള എന്റെ പ്രതിബദ്ദത ഞാന്‍ തെളിയിച്ചു! ബാക്കിയുള്ള നിസ്കാരം കാര്യം സാധിച്ചതിനു ശേഷമാകാം എന്നു ബദരീങ്ങള്‍ക്കു വാക്കും കൊടുത്തു.



റബ്ബേ!! നേര്‍ച്ചക്കു ഫലമില്ലെന്നു ആരാ പറഞ്ഞേ??!!



അതു പറഞ്ഞോന്റെ തലയില്‍ ഇടിത്തീ വീഴും!!



പച്ചക്കള്ളം!!



കര്‍ക്കിടകത്തിലെ കാറ്റും മഴയും ഉള്ള ഒരുവെളുപ്പാന്‍ കാലം!



മഴയാണെങ്കിലും ഇടിയാണെങ്കിലും, പ്രക്രിതിയൂടെ വിളികേള്‍ക്കാതിരിക്കാന്‍ വാസുവിനകില്ലാലൊ!



എവിടൊന്നൊ അടിച്ചു മാറ്റിയ വില്ലൊടിഞ്ഞ ഒരു കുടയുമായീ വാസു പതിവ് പരിപാടിക്കിറങ്ങി. പോകുന്ന വഴിക്കു ചിറമ്മലെ പറമ്പിലും, കുഴിക്കാട്ടെ പറമ്പിലും കയറി ഇറങ്ങിയെങ്കിലും ഒന്നും കിട്ടിയില്ല. ഇത്രെം വെല്ല്യേ കാറ്റും മഴയും വന്നിട്ടും ഇടിഞ്ഞു വീഴാത്ത തേങ്ങാകുലകളെ പ്രാകി കൊണ്ടു വാസു തോട്ടിറമ്പിലേക്കു നടന്നു. പെരുംതോടിനപ്പുറത്തു, കള്ളന്‍പറമ്പീല്‍ കോവിലില്‍, കാ‍ഞ്ഞിരമരത്തിനടിയില്‍, മഴയില്‍ കുളിച്ചു നില്‍ക്കുന്ന മുത്തപ്പന്റെ തറ കണ്ടപ്പോള്‍ ഭക്തിക്കു പകരം ദ്യേഷ്യമാണു വാസുവിന് തോന്നിയത്. കട്ടിട്ടാണെങ്കിലും, എത്ര തവണയാണ് മുത്തപ്പനു ചാത്തന്‍ കോഴിയുടെ ചോര കൊടുത്തിരിക്കുന്നതു,,,. കര്‍ക്കിടകത്തിലെ കോരിചൊരിയുന്ന ഈ മഴയത്തു ഒരു പൈങ്ങ അടക്കയെങ്കിലും തരാത്ത മുത്തപ്പന്റെ അപ്പനിട്ട് രണ്ടു തെറിയും വിളിച്ചു, സ്വസ്തമായിരിക്കാന്‍ പറ്റുന്ന പൊന്ത നോക്കുമ്പോഴാണ് വാസു ആ കാഴ്ച കണ്ടു ഞെട്ടിയത്! പുലര്‍ച്ചയുടെ ഇരുണ്ട വെട്ടത്തില്‍ താന്‍ കണ്ടതു സത്യം തന്നെയൊ?!



‘മുത്തപ്പാ‍ാ,,,,, അടിയനോടു ഷെമിക്കണേ,,,,,“



പടിഞ്ഞാട്ടൂ മുത്തപ്പന്‍ തറയിലേക്കു തിരിഞ്ഞു വാസു കൈ കാതില്‍ വെച്ചു കുനിഞ്ഞു ഏത്തമിട്ടു.



പെരുംതോടിനു ചേര്‍ന്നു ചകിരി മൂടുന്ന പാടത്തു, മുഴുക്കൈ വലുപ്പത്തിലും വണ്ണത്തിലും വലിയ ബ്രാലും മൂഷിയും ചത്തു പൊന്തി കിടക്കുന്നു!



മുത്തപ്പാ‍ാ,, നിന്റെ ശക്തി അപാരം! കുറച്ചു നേരത്തെ മുത്തപ്പനിട്ടു ചെയ്ത അപരാധത്തില്‍ വാസു കരഞ്ഞു. സങ്കടപ്പെട്ട വാസു, അടുത്ത ബലിക്കു മുത്തപ്പനു രണ്ടു ചാത്തന്‍ കോഴികളെ സ്പെഷ്യല്‍ നേര്‍ച്ചയാക്കി.



തന്റെ മുന്‍പില്‍ കണ്ട ആ മനോഹര കാഴ്ചയില്‍ വാസുവിനു മുള്ളാന്‍ മുട്ടിപ്പോയി!! മീന്‍ പിടുത്തം മുള്ളിയതിനു ശേഷമാകാം എന്നുറച്ച വാസു, കയ്യിലെ കുടയും വടിയും ഒക്കില്‍ വെച്ചു പാടത്തേക്കു മുള്ളിയതും,,,,



“എന്റമ്മൊ,,,,,,,“



വാസുവിന്റെ ഉച്ചത്തിലുള്ള നിലവിളികേട്ടൂ പൊന്തയില്‍ നിന്നും ചാടി ഇറങ്ങിയ ഐശുതാത്ത നിലവിളിയില്‍ കോറസ്സ് ചേര്‍ന്നു!



“എന്തു പറ്റിയെന്റെ ബാസ്വൊ?“



പേടിച്ചു കണ്ണു തുറിച്ചു വരമ്പത്തു കുത്തിയിരുന്നു കരയുന്ന വാസുവിനോടു ഉമ്മ ചോദിച്ചു,



അപ്പോഴും മര്‍മത്തു നിന്നു കയ്യെടുക്കാതെ വാസു ,



“എനിക്കൊന്നും അറിഞ്ഞൂടെന്റുമ്മൊ,,, പാടത്തേക്കു മുള്ള്യേതും ഉമ്മാ,, ഒടിയന്‍ പിടിച്ചു വലിച്ചതു പോലെ ആകപ്പാടെ പിടിച്ചൊരു വലി,,,,,,മര്‍മത്തിനിട്ടല്ലേ ഉമ്മാ താങ്ങീത്,,,”



“മുത്തപ്പാ ഷമിക്കണേ,,,,,,,”



“ഉം ഊ ഊഉ,,,, ഇന്റെ ബാസ്സൂ,,,,മണ്ടനല്ലേടാ ഇയ്യ്?!! വെസവള്ളി അല്യൊടാ‍ ആ പൊട്ടികെടക്കണ് പാടത്ത്”


പാടത്തു പൊട്ടി കിടക്കുന്ന 11 കെ.വി ലൈന്‍ കാട്ടി ഉമ്മ പറഞ്ഞു.


ഇയ്യല്ലാണ്ട് അതിലേക്കു മുള്ളോ?! പടച്ചോന്‍ കാത്ത്,,,, ഞ്ഞീ പാടത്തു മീന്‍ പെറുക്കാനിറങ്ങാഞ്ഞത്,,,, അല്ലെങ്കി ഇപ്പോ,,,”


ഉമ്മ ആന്മഗതം ചെയ്തു!


ആ ഷോക്കില്‍ പിന്നീടു കുറെ നാളത്തേക്കു വാസു ഞങ്ങളുടെ വഴിക്കുള്ള വരവ് നിറുത്തി,,



എന്റെ നേര്‍ച്ചേടെ ഫലം!!!



8 comments:

സാല്‍ജോҐsaljo said...

വരട്ടെ,,,കൊള്ളാം.!

ടിന്റുമോന്‍ said...

പ്രിയ മാഷേ,

നിങ്ങടെ എഴുത്തിനെ എങ്ങനെ വര്‍ണ്ണിക്കണമെന്നറിയില്ല. മൂവായിരം മൈലുകള്‍ക്കിപ്പുറമിരുന്ന് മലയാളമണ്ണിന്റെ ഗന്ധമുള്ള ഒരു കഥ വായിക്കുമ്പോ എന്തനുഭൂതിയാണു ലഭിക്കുന്നത്‌ എന്ന് മറ്റൊരാള്‍ക്ക്‌ പറഞ്ഞു കൊടുക്കാന്‍ കഴിയില്ല. അത്രക്കും വിശേഷമായിരിക്കുന്നു ഈ കഥ. വാക്കുകളിലെ കൃത്യതയും കഥ പറഞ്ഞ രീതിയും ഓരോ സീനും കണ്മുന്നില്‍ കാണുന്ന പോലെ തോന്നിച്ചു.

തുടരൂ, തുരു തുരാ തുടര്‍ന്നെഴുതൂ..

പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു

പി.എസ്‌: ഫോര്‍മാറ്റിംഗ്‌, അക്ഷരപ്പിശകുകള്‍ ഒക്കെ ഒന്നുകൂടി ശ്രദ്ധിക്കണേ.

സാദി said...

ടിന്റു മോന്‍,
കമന്റിനു നന്ദി,,,
മലയാള മണിന്റെ ഗന്ധമുണ്ടാക്കാന്‍ ഞാന്‍ കരാമയിലെ ഒരു സൂപ്പര്‍ മാര്‍കറ്റില്‍ പോയിരുന്നു,(എഫ്. എം റേഡീയൊ പരസ്യത്തോട് കടപ്പാട്)
സംഗതി പുടി കിട്ട്യാ‍??
പിന്നെ താങ്കളുടെ സഹായത്തിനു നന്ദി, സെറ്റ് അപ് കുറച്ചു കൂടിനന്നായോ ആവൊ?
അക്ഷരപ്പിശാശ്,, ഓലെന്റെ കൂടെ പണ്ടെ ഉള്ളതാ,,ക്രിഷ്ണ പണിക്കരെ ഒന്നു കാണണം, ഒരു മുട്ടയില്‍ എഴുതിക്കണം!
സാല്‍ജൊ,
പൂര്‍ത്തിയായ പോസ്റ്റ് വായിച്ചു കാണും എന്നു കരുതുന്നു.
വാ‍യനക്കാരെ,
തേങ്ങയില്ലെങ്കില്‍ ഒരു കപ്പലണ്ടികുരു എങ്കിലും എറിയണേ ഈ നടയില്‍,,,അതുതന്നെ ധാരാളം!

Dr.Mubarak said...

Excellent....still strive further for more excellence.
yeah ,you can do it.

സാദി said...

ഹയ് ഡോക്ടര്‍,
നന്ദി, താങ്കള്‍ എന്റെ എഴുത്ത് ശ്രദ്ധിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. തുടര്‍ന്നും അഭിപ്രായങ്ങള്‍ എഴുതണേ!!

Abdul Gafoor said...

അമ്മമ്മോ !!!
അടിപൊളി !!!
ഞാറ്റിലപ്പാച്ചിലില്‍ നിറഞ്ഞൊഴുകുന്ന പെരുംതോടിന്നരികിലൂടെ തീവണ്ടിക്കോളനിയും കടന്ന് ഇരുണ്ട വെട്ടത്തില്‍ “രണ്ടാം” നമ്പര്‍ പ്ലാറ്റ്ഫോമിലിരുന്ന് കാര്യം സാധിക്കുന്ന ഐശുമ്മ താത്തയെയും മറ്റും മറ്റും കടന്ന്......
വാസുവിന്റെ “ഒന്നാം” നമ്പര്‍ വൈബ്രേഷനില്‍ ചെന്നു നില്‍ക്കുമ്പോള്‍......
തീര്‍ച്ചയായും ആ പരിസരത്ത് എത്തിയതുപോലെ അനുഭവപ്പെട്ടു.
ശരിക്കും ത്രില്ലിങ്ങ് സ്റ്റോറി. വളരെ നന്നായിട്ടുണ്ട്. കഥയെഴുത്തിന്റെ രൂപവും ഭാവവും എല്ലാം ഒന്നിനൊന്നു മെച്ചം. എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

memories said...

പെരുംതോട്ടില്‍ എപ്പോഴാ മോനെ മരവും, പെരുമ്പാമ്പും, പെരുച്ചാഴിയും ഒലിച്ചു വന്നത്‌???? പെരുംതോടിണ്റ്റെ ഏതു സൈഡിലാണ്‌ നെല്‍പാടങ്ങള്‍???സംഭവം നന്നായിട്ടുണ്ട്‌..... ഇനിയും എഴുതുക.... കാത്തിരിക്കുന്നു.....

സാദി said...

ഹെല്ലോ ഗഫൂര്‍,
പ്രോത്സാഹനത്തിനു നന്ദി മാഷെ, ഓര്‍കൂട്ടില്‍ ലിങ്ക് പോസ്റ്റ് ചെയ്തതിനും.എവിടെ താങ്കളുടെ പുതിയ പോസ്റ്റ്? കാത്തിരിപ്പു തുടരുന്നു,,,
സൈഫി,
താങ്കള്‍ പെരുംതോട്ട് വക്കത്തെങ്ങാന്‍ ഉള്ള ആളാണൊ? തോടിനു പടിഞ്ഞാറ് വിശാലമായി പരന്നു കിടക്കുന്ന പാടങ്ങള്‍ അവസാനിക്കുന്നതു ചേരമാന്‍ പറമ്പിനു കിഴക്കു ആവണി പാടത്താണ്, ആ പാടത്തുനിന്നല്ലെ നിങ്ങള്‍ തലയില്‍ വെണ്ണവെച്ചു കൊക്കിനെ പിടിച്ഛിട്ടുള്ളതു!അവിടന്നല്ലെ മീനമാസത്തിലെ ചൂടില്‍ കക്കിരി തിന്ന് മത്തു പിടിച്ചു തലകറങ്ങി വീണ മാ‍ടത്തയെ പിടിച്ചു കൂട്ടിലടച്ചതു! ഒക്കെ മറന്നല്ലെ??!!

Powered By Blogger